ഇലകള്‍ കൊഴിയുമ്പോള്‍

 ചീട്ടു കൊട്ടാരം പോലെ സ്വപ്‌നങ്ങള്‍ കണ്‍മുന്‍പില്‍ തകര്‍ന്നു വീഴുന്നതു കണ്ടു പകച്ചു പോയ ഒരു കാലഘട്ടത്തില്‍ ഇനി ഒരിക്കലും എഴുതില്ല, ഒന്നും എഴുതാനും പറയാനും ഇല്ല എന്ന് തോന്നിയിരുന്നു. ഇപ്പോഴും ഏറെക്കുറെ അങ്ങനെ തന്നെ തോന്നുന്നു. പിന്നെ എന്തിനാ ഇങ്ങനെ ഒന്ന് എന്ന് ചോദിച്ചാല്‍,  ഈ അവസ്ഥയില്‍ മാത്രം പറയാന്‍ കഴിയുന്ന, അനുഭവിക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്നു തോന്നി. അസാധാരണമായി ഒന്നും എനിക്ക് പറയാന്‍ ഇല്ല, അതിമനോഹരമായ ഭാഷയും വശമില്ല. ഏറ്റവും സാധാരണമായ, അലസമായ, വികാരങ്ങള്‍ വന്നു നിറയുന്ന, വിഷാദം തിര പോലെ  വന്നു പോകുന്ന, തുടരെ പരാജയപ്പെടുന്ന പരിശ്രമങ്ങള്‍ നിറഞ്ഞ ജീവിതങ്ങളിലേക്ക്  ഒരെത്തിനോട്ടം.

അതിജീവനം എന്ന് കേള്‍ക്കുമ്പോള്‍ പലപ്പോഴും മനസ്സിലേക്ക് കടന്നു വരുന്നത് വിജയ കഥകള്‍ ആണ്.  എന്താണ് വിജയം? സമൂഹം അന്ഗീകരിക്കുന്ന വിജയങ്ങളില്‍  അവസാനിക്കാത്ത അനുഭവങ്ങള്‍ അതിജീവനതിന്റെത് അല്ലെ? മരിക്കാന്‍ ആയിരം കാരണങ്ങള്‍ ഉണ്ടായിരുന്നിട്ടും ഓരോ നിമിഷവും പ്രതീക്ഷയില്‍ അള്ളിപ്പിടിച്ചു കിടക്കുന്ന മനുഷ്യര്‍. സമൂഹം അന്ഗീകരിക്കുന്ന ഒരു വിജയം അവര്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലായിരിക്കും, പക്ഷെ അവര്‍ നിരന്തരമായി കടന്നു പോകുന്ന വെല്ലുവിളികള്‍ ജീവിച്ചിരിക്കുന്ന എല്ലാ നിമിഷങ്ങളേയും അതിജീവനത്തിന്റെ ശേഷിപ്പുകളായി മാറ്റുന്നു. പ്രതീക്ഷ ചെറുതിരിയിട്ട വിളിക്കുമായി നയിക്കുന്ന അത്തരം യാത്രകള്‍ നിറഞ്ഞതല്ലേ ഒരു സാധാരണക്കാരിയുടെ/കാരന്‍റെ ലോകം. പൊതു ബോധത്തിനും മുഖ്യധാര അന്ഗീകരിക്കുന്നതിനും അപ്പുറത്തേക്ക് ജയങ്ങള്‍ പുനര്‍ വ്യഖ്യാനിക്കേണ്ടിയിരിക്കുന്നു. അല്ലെ?

എന്തൊരു അസംബന്ധം ആണ് അല്ലെ, ചിലരുടെ വിജയം മറ്റു ചിലരുടെ പരാജയം. വളരെ ആപേക്ഷികമായ അവസ്ഥകള്‍. എന്നിട്ടും ജനിക്കുമ്പോള്‍ മുതല്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നത് വിജയം എന്നാ അവസ്ഥയുടെ ഒരു വശത്തെക്കുറിച്ച് മാത്രം. ആരുടെ വിജയം? പലപ്പോഴും പ്രണയങ്ങള്‍ വിജയിച്ചു എന്ന് പ്രഖ്യാപിക്കുമ്പോള്‍ തകരുന്ന ഹൃദയങ്ങളെ ഓര്‍ക്കാറുണ്ടോ? എല്ലാം ആപേക്ഷികമാണ്. 

അടുക്കും പെറുക്കും ഇല്ലാതെ എന്തൊക്കയോ കുറിച്ചിടാനായി ഇത് തുടങ്ങുക ആണ്...

Comments