തലമുറകള്‍

പണ്ട് ഒരുപാട് നടന്നു കളിച്ച വഴികളിലൂടെ ഇന്ന് ആദിയുമായി പോകുമ്പോള്‍ ഒരുപാടൊരുപാട് ഓര്‍മ്മകള്‍ ഒരു പുഴ പോലെ ഒഴുകി അടുക്കുന്നത് പോലെ. രണ്ടു തലമുറകള്‍ക്കിപ്പുറം വിടര്‍ന്ന ചെറു പൂവ്  കൈയ്യില്‍ പിടിച്ചു കൊണ്ട് അമ്മുമ്മ നടക്കുന്നു.

ആദി അമ്മുമ്മയുടെ കൈയ്യില്‍ കിടന്നു തലകുത്തി മറിയുന്നു. കൈയും കാലും ഇളക്കി ദൂരേക്ക്‌ പോകുവാന്‍ പറയുന്നു. വാശി പിടിച്ചു മുഖം വാട്ടുന്നു. ഒഴുകുന്ന പുഴയുടെ അരികു ചേര്‍ത്ത് നട്ടിരിക്കുന്ന മഞ്ഞയും ചുവപ്പും കലര്‍ന്ന പൂക്കളിറുത്തു അമ്മുമ്മ ആദിയുടെ നേര്‍ക്ക്‌ നീട്ടി. കുസൃതി കലര്‍ന്ന ചിരിയുമായി ആദി പൂക്കള്‍ മുഖത്തേക്ക് ചേര്‍ക്കുന്നു.  ശ്വാസം ഉള്ളിലേക്ക് എടുത്തു അമര്‍ത്തി ആദിയുടെ കവിളില്‍ ഉമ്മ കൊടുക്കുന്നു. അമ്മുമ്മ എന്നും ഇങ്ങനെ ആണ് ഉമ്മ തരുന്നത്. 

ഒരിക്കലും പരാതി പറയാതെ എപ്പോഴും പണികളില്‍ ഏര്‍പ്പെടുന്ന, കളിക്കാന്‍ കൂടുന്ന, ഒരുപാടു വായിക്കുന്ന, ഓടിനു മുകളില്‍ കേറുന്ന, കിണറ്റില്‍ ഇറങ്ങുന്ന, സ്വാദുള്ള അടയുണ്ടാക്കുന്ന അമ്മുമ്മ. എത്ര വഴക്ക് കൂടിയാലും അടുത്ത നിമിഷം ഒന്നും നടന്നതായി ഭാവിക്കാതെ ചിരിക്കുന്ന അമ്മുമ്മ. ആദി അമ്മുമ്മയുടെ കൂടെ കളിക്കുന്നത് കാണുമ്പൊള്‍ തോന്നും ഇതൊക്കെ സംഭവിച്ചത്, ഇപ്പോള്‍ നാട്ടില്‍ നില്‍ക്കുന്നത് ഇത് കാണാന്‍ ആണ് എന്ന്. കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത കാഴ്ച. ഒരിക്കലും മായാതെ മനസ്സില്‍ കുറിചിടാന്‍ ശ്രമിക്കുന്ന നിമിഷങ്ങള്‍. ഇനി ഒരിക്കലും അമ്മുമ്മയോളം സ്നേഹവും കരുതലും ഉള്ള ഒരാളെ ആദി കാണും എന്ന് തോന്നുന്നില്ല. എല്ലാ പ്രശ്നങ്ങളില്‍ നിന്നും കര കയറാന്‍ അമ്മുമ്മ ആദിയെ അനുഗ്രഹിക്കട്ടെ. 

എന്നും കിടക്കും മുന്‍പ് അമ്മുമ്മ പ്രാര്തിക്കുന്നത് കാണാം. പണ്ട് ഇങ്ങനെ പതവില്ല. ഇടയ്ക്കു കണ്ണ് നിറയും. ഞങ്ങളെ ഒര്താകും എന്ന് എനിക്ക് തോന്നും. തലയില്‍ എഴുത്ത് അല്ലെ. പാവം. നീയും മോനും രക്ഷപ്പെടും, എനിക്കുറപ്പാണ്‌ എന്ന് ഇടയ്ക്കു പറയും. ഞാനും അങ്ങനെ വിശ്വസിക്കുവാ. 

Comments